Br Cyril Emmanuel Capuchin
16 October 1986 - 16 January 2024
Br. Cyril Emmanuel Capuchin_Videos
Br. Cyril Emmanuel Capuchin_Videos
WhatsApp Video 2024-01-18 at 12.03.57 AM
WhatsApp Video 2024-01-17 at 9.14.27 PM
BR. CYRIL EMMANUAL KUTTICKAL (37) CAPUCHIN | FUNERAL CEREMONY LIVE
Fr Cyril Emmanuel Funeral and LAST VOICE MESSAGE | On his way to SAINTHOOD
Testimonials on Br. Cyril Emmanuel Capuchin
സിബി ജോസഫ്
🙏🏻🙏🏻💐💐സിറിൽ അച്ചൻ എന്റെയും കുടുംബത്തിന്റെയും ആത്മമിത്രവും സഹോദരതുല്യനും ഗുരുവുമായിരുന്നു....കറ കളഞ്ഞ ആത്മീയതയുടെ നിറകുടം.... സൗമ്യവും ദീപ്തവുമായ സ്നേഹ സാന്നിധ്യം... ഹൃദ്യമായ സംസാരം.... വശ്യമായ പുഞ്ചിരി.... ആത്മാവിനെ തൊടുന്ന വാക്കുകൾ.. നിഷ്പാദുകനായ ഫ്രാൻസിസ്കൻ സന്യാസി ... തീഷ്ണത നിറഞ്ഞ മിഷിണറി....
🙏🏻മേലെ ചൊവ്വ ഇടവകയിൽ ആയിരുന്ന കാലഘട്ടത്തിൽ . അച്ചന്റെ സഹൃദവും കരുതലും ഒരുപാട് അടുത്തറിയാൻ കഴിഞ്ഞത് വലിയ ദൈവാനുഗ്രഹമായി കരുതുന്നു.....
🙏🏻അന്ന് ഞങ്ങൾക്ക് വാഹനമില്ലായിരുന്നു.. രാവിലെ കിഴുത്തള്ളി ക്ലയർ ഭവനിലെ ചാപ്പലിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കുടുംബമേതം നടന്നു പോകുമ്പോൾ സിറിൽ അച്ചൻ വരുന്ന ദിവസങ്ങളിൽ മിക്കവാറും അച്ചന്റെ ബൈക്ക് ഞങ്ങളുടെ അടുത്തെത്തുമ്പോൾ ഹോണടിക്കും...ആ ഹോണടിയിൽ പറയാതെ പറയുന്ന ഒത്തിരി ഒത്തിരി ചെറിയ വലിയ കാര്യങ്ങളുണ്ടായിരുന്നു...... ഞാൻ നിങ്ങളെ കാണുന്നു... കരുതുന്നു.... സ്നേഹിക്കുന്നു...... അത് ഞങ്ങൾക്ക് നല്കിയ ഊർജ്ജം ചെറുതല്ല....... വിശുദ്ധ കുർബാനയ്ക്ക് ശേഷമുള്ള ഹ്രസ്വവും മധുരതരവുമായ കൊച്ചുവർത്തമാനങ്ങൾ ദീപ്തമായ ഒരു സ്മരണയായി ഇന്നും ഹൃദയത്തിൽ ജ്വലിക്കുന്നു. അച്ചൻ രോഗശയ്യയിൽ ആയിരുന്നപ്പോൾ പോയി കാണാൻ ആഗ്രഹിച്ചിരുന്നെങ്കിലും പലവിധ കാരണങ്ങളാൽ നടന്നില്ല... ആത്മനിന്ദയുടെ എരിതീയിൽ നീറി പുകഞ്ഞുകൊണ്ട് മാപ്പ് ചോദിക്കുന്നു...... സ്വർഗത്തിൽ പിതാവിന്റെ മടിയിൽ ഇരുന്ന് ഞങ്ങളെ നിത്യമായി കരുതുന്ന വിശുദ്ധ സന്യാസവര്യന് അശ്രുപുഷ്പങ്ങൾ അർപ്പിക്കട്ടെ...💐💐💐💐
George G V
പ്രോവിൻസിലെ ഏറ്റവും തീക്ഷ്ണമതികളിൽ ഒരാളായിരുന്നു അവൻ. ഫ്രാൻസിസിനെ അനുഗമിച്ച് യേശുവിനെ അനുകരിച്ച് അവൻ മൗലികമായ രീതിയിൽ ജീവിച്ചു. നമ്മിൽ മിക്കവരും ആഗ്രഹിക്കുന്നതുപോലെ വെറുമൊരു സാധാരണക്കാരനാകാനല്ല അവൻ ആഗ്രഹിച്ചത്. വളരെ ധൈഷണികശോഭയുള്ളവനും ധീരനുമായിരുന്നു അവൻ. ലൗകിക മൂല്യങ്ങളോട് വിട്ടുവീഴ്ച ചെയ്ത് സമരസപ്പെടാൻ അവൻ ആഗ്രഹിച്ചില്ല. അവനെ അറിയുന്ന എല്ലാവരാലും ബഹുമാനിതനും ഉന്നത പ്രതിഷ്ഠനും ആയിരുന്നു അവൻ. സിറിൽ ഇമ്മാനുവൽ എന്നായിരുന്നു അവന്റെ നാമം. റോമിലെ പഠനത്തിന്റെ മധ്യേ, അർബുദം കണ്ടെത്തുകയാൽ, ഉടൻ ഇൻഡ്യയിലെത്തിക്കുകയായിരുന്നു. നാട്ടിൽ ലഭ്യമായ ഏറ്റവും മികച്ച ചികിത്സ നല്കിയിരുന്നു: കീമോ തെറാപ്പിയുടെയും ഇമ്മ്യൂണോ തെറാപ്പിയുടെയും നിരവധി കോഴ്സുകൾക്ക് അവൻ വിധേയനായി. അവൻ ആരോഗ്യം വീണ്ടെടുത്തു, എന്നാണ് ഞങ്ങളെല്ലാം കരുതിയത്. ഇന്നലെ അവന് കഠിനമായ വേദന അനുഭവപ്പെട്ടു, വെന്റിലേറ്ററുകൾക്ക് അവനെ പിടിച്ചുനിർത്താൻ കഴിഞ്ഞില്ല. തന്റെ ഏറ്റവും പ്രിയപ്പെട്ട ഈശോയോടും പരിശുദ്ധ അമ്മയോടും ഒപ്പം ആയിരിക്കാൻ അവൻ സ്വഭവനത്തിലേക്ക് യാത്രയായി.
സഹോദരാ, എല്ലാത്തിനും നന്ദി.
2022 ൽ സിറിൽ എഴുതിയ ഒരു കവിതയാണ് താഴെ. അവനിൽ കാൻസർ വളർച്ചയുണ്ടെന്ന് ഒരു സൂചനയും ഇല്ലാതിരുന്നപ്പോൾ, ആരോഗ്യവാനായിരുന്നപ്പോൾ എഴുതിയത്. 2023-ന്റെ തുടക്കത്തിലാണ് വൃക്കകളിലും മറ്റിടങ്ങളിലും അസ്ഥിമജ്ജയെ പോലും അർബുദം ബാധിച്ചതായി കണ്ടെത്തിയത്.
ജീവിതത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ചുള്ള അവന്റെ പോസിറ്റീവ് മനോഭാവത്തെ ഈ കവിതയെക്കാളേറെ വ്യക്തമായി എങ്ങനെ ഉദാഹരിക്കാനാണ്?!
തന്റെ ഭാവിയെ അവൻ നേരത്തേ അറിഞ്ഞിരുന്നോ? അവൻ ശരിക്കും തയ്യാറായി ഇരിക്കുകയായിരുന്നോ?!
"പോട്ടെ ഞാൻ"
താഴ്‌വരകളുടെ ആരവത്തിൽ നഷ്ടപ്പെട്ടിട്ടും
ഞാൻ കേൾക്കുന്നു, ദൂരെയാ പ്രതിധ്വനി;
ക്ഷീണത്തിന്റെ തുരങ്കത്തിലൂടെ ഉഴറിയോടുമ്പോഴും, കാണ്മാനാവായ്കിലും മഴക്കായ് തിരയുന്നു.
നേട്ടം നല്കുന്ന ഉത്തുംഗതകൾ
അതിന്റെ ദൂതന് വിട ചൊല്ലുമെന്ന് തോന്നുന്നു,
താഴേക്ക് ഇളം കാറ്റിറങ്ങും പോലെ!
അപ്പുറം മൃദുശബ്ദം
ഹൃദയാഴത്തിൽ മന്ത്രിക്കുന്നുണ്ട്,
ആവേശോജ്ജ്വലമായ ആരോഹണത്തിനായ് നന്നായൊരുങ്ങിടാൻ.
പലതാണ് പിന്നിൽനിന്നെന്നെ പിന്നാക്കം പിടിക്കുന്ന ബന്ധങ്ങളെങ്കിലും
മുന്നോട്ട് നീങ്ങാനാണെൻ്റെയാശ,
വിടചൊല്ലാനായ് തിരിഞ്ഞുനോക്കിടേണ്ടേ ഞാൻ
കണ്ണീർവഴിയും കണ്ണുകൾ പലതാണ്;
വികാരങ്ങളുടെ കുതിക്കും പ്രവാഹങ്ങളിൽ
ഒലിച്ചു പോകവേണ്ടല്ലോ ആ സ്വപ്നം,
കേഴുന്ന സ്വര തലങ്ങളിൽ അലിഞ്ഞു തീരരുതല്ലോ അജ്ഞാത ചക്രവാളത്തിൽ നിന്നുള്ള മൃദുമന്ത്രണവും.
മാംസരക്തങ്ങളുടെ സഹജവാസനയാൽ ബന്ധിക്കപ്പെട്ടും,
മധുരവും തിക്തവുമായ സ്മൃതികളാൽ ഭാരപ്പെട്ടും;
ചിന്താക്കുഴപ്പത്തിന്റെയും വിസ്മൃതിയുടെയും ഈ താഴ്‌വാരത്തിൽ
സ്വതന്ത്രമായ പാറലിനായുള്ള പ്രതീക്ഷ മാഞ്ഞേ പോകുന്നു.
അപ്പോഴും, ഒരുമാത്ര ഞാൻ കാണുന്നു,
എന്റെ സ്വപ്നരാവുകളുടെ സ്വർഗ്ഗസുന്ദര ദീപ്തി,
പർവ്വതങ്ങൾക്കും മേലെയുള്ള
താഴ്‌വരകളിലെ സങ്കടങ്ങൾ മാഞ്ഞുപോകുന്ന,
ഹൃദയാഭിലാഷങ്ങൾ പൂത്തുലയുന്ന
അനന്തവിഹായസ്സിനുമപ്പുറത്തെ
ആ ഭൂമിയിലേക്ക്
എന്നെ റാഞ്ചിയെടുക്കാൻ
കഴുകനെപ്പോൽ താഴ്ന്നു പറക്കും പ്രത്യാശ.
അവിടെ പ്രതിധ്വനിക്കുന്നുണ്ട്,
താഴ്‌വരകൾ ഒരിക്കലും കേൾക്കില്ലാത്തതാം
മധുരതരമാമൊരീണം;
സൂര്യൻ്റെ മൂന്നിരട്ടി തേജസ്സുള്ള
ഒരു ദർശനം;
ആകാശങ്ങളിലങ്ങിങ്ങ് വാഴുന്ന -
ലോകം മിഥ്യയെന്നെണ്ണുന്നൊ രാനന്ദം,
അന്വേഷക ഹൃദയത്ത തൈലം പൂശും
സ്വാതന്ത്ര്യത്തിന്റെ നിത്യ സ്വർഗ്ഗം.
ശക്തമാണ് ബലിഷ്ഠമാണ്
വിലങ്ങുകളും ചങ്ങലകളുമെങ്കിലും
അവയെ ഭേദിച്ചുപോലും
അവിടേക്കു ഗമിക്കാൻ ആശിക്കുന്നു ഞാൻ.
ഒരു ദിനം - മന്ത്രിക്കുന്നെൻ്റെ ഹൃദയം -ഉറപ്പാണ്
ഉയരെവിദൂരതയിലെ ഇടറിയ ശബ്ദം ഇല്ലാതാകിലും
അവസാന യാത്രക്കായ് ഊർജ്ജമുൾക്കൊള്ളാനോതും,
ഉറങ്ങും ഹൃദയങ്ങളെപ്പോലും ഉണർത്താനുതകുംവിധം
വ്യക്തവും സമീപസ്ഥവുമായ കാഹളം;
ചങ്ങലകളും ചട്ടക്കൂടുകളും പൊളിച്ച്,
പൂർണ്ണ വീര്യത്തോടെ ഞാൻ പറന്നുയരും
എന്തെന്നാൽ,
താങ്ങാനാവില്ലല്ലോ എനിക്കിനിയും
ആകാശത്തിന്റെ പാട്ടും ഉയരങ്ങളുടെ ചാരുതയും;
മയക്കുന്ന കൈകളാൽ
ആനന്ദകരമായ വിസ്മൃതിയിലേക്ക് എന്നെയവയടുപ്പിക്കുന്നു;
എന്നാൽ നേരം പുലരുംമുമ്പേ
നിശാ ശലഭങ്ങൾ അപ്രത്യക്ഷമാകും മുമ്പേ
ഒരുവട്ടം കൂടി ആസ്വദിച്ചീടട്ടെ ഞാനീമൺപ്രദേശങ്ങളുടെ അമൃത്
സ്വരലയത്തിലുമൈക്യത്തിലും
മലകൾ പാടുന്നിടം
പൂക്കൾ ചിരിക്കുന്നിടം മുകിലുകൾ നൃത്തമാടുന്നിടം;
സൗന്ദര്യവും പ്രഭയുമുള്ള ആ ദേശത്തേക്ക്
നിത്യപർവതങ്ങൾ വിളിക്കുന്നു,
പോകാൻ നേരമായി; അതിനാൽ പോകട്ടെ ഞാൻ!
Joyson sir Maruthongara
സിറിൽ ബ്രദറിന്റെ കവിത വായിക്കുമ്പോൾ അത്ഭുതത്തിന്റെയും ദുഖത്തിന്റെയും സന്തോഷത്തിന്റെയും മിശ്രവികാരങ്ങളാണ് മനസ്സിൽ വരുന്നത്. മരണത്തെ മുൻകൂട്ടി കണ്ടതിലുള്ള അത്ഭുതം, ഇഹലോകത്തിന്റെ നശ്വരത തിരിച്ചറിഞ്ഞു മടങ്ങുന്നതിലെ സന്തോഷം, നല്ലൊരു സഹോദരൻ നമുക്ക് നഷ്ടമാകുന്നതിലെ ദുഃഖം. താഴ്‌വരകളുടെ ബന്ധനങ്ങളും സങ്കടങ്ങളും വിട്ട്, നിത്യപർവതങ്ങളുടെ വിളികേട്ട് യാത്രയായ സിറിൽ ബ്രദറിന്റെ ദീപ്തമായ ഓർമയ്ക്കുമുന്നിൽ പ്രണാമം 🙏🙏
Sojan CST
ക്രിസ്തു ഒരു സ്നേഹ ചുംബനം കൊണ്ട് അവനെ സ്വന്തമാക്കി...
ഇന്നവൻ നെഞ്ചോടു ചേർത്ത് നിർത്തിയ രണ്ടു കാര്യങ്ങൾ ഉണ്ട്. ഫ്രാൻസിസ്കൻ സഭ നിയമവും, ക്രൂശിത രൂപവും. പഠിച്ചിരുന്ന കാലഘടത്തിൽ അവൻ വേദന (ശരീരികമായ)ഒട്ടും സഹിക്കാൻ പറ്റത്ത വ്യക്തിയായിരുന്നു . ചെറിയ വേദനകളും സഹിക്കാൻ കഴിയാത്ത ഒരാൾ. എന്നാൽ ക്യാൻസർ അവന്റെ അന്തരിക അവയവങ്ങൾ കാർന്നു തിന്നുമ്പോഴും അവന്റെ മുഖത്തു ഒരു പുഞ്ചിരിച്ചു എന്നുമുണ്ടായിരുന്നു . അവന് എങ്ങനെ ഈ വേദനകളെ സഹിക്കാൻ പറ്റി എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ക്രിസ്തുവിനോട് അവൻ ചേർന്ന് ഇരുന്നപ്പോൾ ഈശോ അവനു സഹനശക്തി നൽകി,
അവൻ എന്നും കപ്പൂച്ചൻ സഭ നിയമത്തിൽ അതിന്റെ പുണ്യങ്ങളിൽ മുന്നോട്ടു പോകാൻ തീവ്രമായി ആഗ്രഹിച്ചു, അതിന് വേണ്ടി പരിശ്രമിച്ചു, മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു. ചരിത്രത്തിലുള്ള ഫ്രാൻസിസിനെ കൂടുതൽ അടുത്ത അനുകരിക്കാൻ അവൻ പരിശ്രമിച്ചു.ഫ്രാൻസിസിനെ കുറിച്ച് പറയുമ്പോൾ അവൻ എപ്പോഴും. വചലനാകുമായിരുന്നു. ഫ്രാൻസിസിനെ പോലെ ക്രിസ്തുവിനെ അവൻ ഭ്രാന്തമായി സ്നേഹിച്ചു.
അവൻ എപ്പോഴും സഭ വസ്ത്രത്തിൽ തന്നെ ആയിരുന്നു, യാത്ര ചെയുമ്പോൾ, ടൂർ പോകുമ്പോൾ എപ്പോഴും ആ സഭ വസ്ത്രം ധരിക്കാൻ അവൻ ശ്രമിച്ചിരുന്നു. അതുകൊണ്ട് ക്രിസ്തു നിത്യ ജീവനന്റെ വസ്ത്രങ്ങൾ അവനു നേരത്തെ നൽകി.
അവൻ ധരിച്ചിരുന്ന ആ വസ്ത്രത്തോട് ചേർന്ന് വലിയ കുരുക്കൾ ഉള്ള ജപമാല എപ്പോഴും ഉണ്ടായിരുന്നു.അതു ഭംഗികുവേണ്ടിയല്ല അവൻ ധരിച്ചത്, അതു അവന്റെ ആയുധവും ശക്തിയും ആയിരുന്നു. വിശുദ്ധരുടെ ജീവിതത്തെ കുറിച്ച് സിറിൽ അച്ചന് അഴമായ അറിവുണ്ടായിരുന്നു , അവരുടെ ജീവിതം പ്രചോദനമാക്കാനും സിറിൽ പരിശ്രമിച്ചു. എപ്പോഴും ഒരു മിഷനറി ആകാൻ അവൻ ആഗ്രഹിച്ചു, മിഷൻ പ്രവർത്തനങ്ങൾക്ക് വേണ്ടി നോർത്തിൽ പോയി.....
സിറിലച്ചന് എല്ലാവരോടും വ്യക്തിപരമായിട്ട് ഒരു സ്നേഹം ഉണ്ടായിരുന്നു. ആരും കാണാത്ത നന്മകൾ സിറിലിനു മറ്റുള്ളവരിൽ കാണാൻ കഴിഞ്ഞിരുന്നു. എല്ലാവരെയും അവൻ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു. ആളുകളെ അവൻ ക്രിസ്തുവിലേക്ക് എപ്പോഴും അടിപ്പിച്ചു കൊണ്ടിരുന്നു.
റോമിൽ നിന്നു ചികിത്സക്ക് വന്ന സിറിലിനെ കണ്ടപ്പോൾ അവൻ വേദന മുഖത്തു കാണിക്കാതെ ചിരിച്ചു കൊണ്ടിരുന്നു. ദിവസങ്ങളോളം കുറെ ആളുകൾ കാണാൻ വന്നപ്പോളും അവൻ പറഞ്ഞത് സ്നേഹം കൊണ്ടല്ലേ അവർ വരുന്നത് എന്നാണ്. പിന്നിട് അവനോട് സംസാരിച്ചപ്പോൾ അവൻ പറഞ്ഞത് നിത്യതയെ കുറിച്ചും, വിശുദ്ധിയെ കുറിച്ചും, ദൈവം ഐക്യത്തെ പറ്റിയുമാണ്.
ദൈവശാസ്ത്രവും, ആത്മീയതയും, എപ്പോഴും കടന്നു വന്നിരുന്നു. അവൻ എപ്പോഴും മറ്റൊരു സ്വാർഗത്തിന്റെ കൈ ഒപ്പുള്ള വ്യക്തിയായിരുന്നു. ആയിരുന്നു.
സിറിൽ അച്ചൻ ഇന്ന് ഈശോയിൽ ആണ്, ഈശോയോടൊപ്പമാണ്, ഈശോയുടെതാണ് . സ്നേഹത്തിൽ നമ്മോടുകുടെ ഉണ്ട്. അവന്റെ ജീവിതം നമ്മെ പ്രചോദിപ്പിക്കാൻ കുറച്ചുകൂടി ക്രിസ്തുവിനോട് പ്രണയത്തിൽ ആയിരിക്കാൻ. അവന്റെ സുവിശേഷം നെഞ്ചോടു ചേർക്കാൻ....
സിറിലേ മരണം എന്ന കൂട്ടുകാരനെ കണ്ടപ്പോൾ നീ ഞങ്ങളെ വിട്ടു പോയില്ലേ.. പരിഭവമുണ്ട്.. പരാതിയില്ല... ചർച്ചകളും, ചിരിയും, ധ്യാനവുമുള്ള ദൈവരാജ്യത്തിൽ കാണാം...
സിറിലെ നന്ദി..... ചിരിക്ക്, കളിക്ക്, പഠനത്തിന്, ഒരുമിച്ചുള്ള അന്നത്തിനു, യാത്രകൾക്ക് എല്ലാറ്റിനും..... നിന്റെ കല്ലറ പുണ്യങ്ങൾ പുക്കുന്ന ഇടമാകട്ടെ..
Ebenzer
സിറിലുമായി സംവാദത്തിലേർപ്പെടാൻ ഞങ്ങൾക്ക് ഇഷ്ടമായിരുന്നു. ആത്മീയകാര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലാത്ത നിലപാടുകളുമായി ഒരു വശത്ത് അവനുണ്ടാകും; അവനെ കളിയായി ചൊടിപ്പിക്കാൻവേണ്ടി മാത്രം മെനഞ്ഞ കുറച്ച് ചോദ്യങ്ങളുമായി മറുപുറത്ത് ഞങ്ങളും.
വ്യാഖ്യാനങ്ങൾക്കൊണ്ട് വികൃതമാക്കാതെ, സുവിശേഷത്തെയും സന്യാസ നിയമങ്ങളെയും അപ്പാടെ അനുസരിക്കാനുള്ള അവന്റെ തീക്ഷ്ണതയും, അവന്റെ ജീവിതശൈലിയും നഗ്നപാദവും അവനുൾക്കൊണ്ട ആത്മീയതയുടെ ഉറവിടമായ അസ്സീസിയിലെ ഫ്രാൻസിസിനെ പ്രതിബിംബിപ്പിച്ചിരുന്നു.
ശരീരത്തിൽ അർബുദമുണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് വരുമ്പോൾ ആശുപത്രിയിൽ ഞാനുമുണ്ടായിരുന്നു. അവനിതെങ്ങനെ സ്വീകരിക്കും എന്ന ഏവരുടെയും ആശങ്കയെ അപ്രസക്തമാക്കി, വിവരമറിഞ്ഞതു മുതൽ കൂടുതൽ ശാന്തനും സന്തോഷവാനുമായി സിറിൽ കാണപ്പെട്ടു. താൻ നെഞ്ചോടു ചേർത്ത ക്രിസ്തുവിനരികിൽ കൂടുതൽ സമയമായിരിക്കാനുള്ള അവസരമായി അവനതിനെ കണ്ടു.
മിഷണറിയായി ബംഗ്ലാദേശിലേക്കും രാജ്കോട്ടിലേക്കും പിന്നീട് പഠനത്തിനായി റോമിലേക്കും പോകുന്നതിനിടയിലുള്ള സമയ ദൈർഘ്യം ഏകദേശം ഓരോ വർഷമായിരുന്നു. യാദൃശ്ചികതയുടെ പട്ടിക നിരത്തി ഞങ്ങളവനെ കളിയാക്കി: റോമിലെ പഠനമെങ്കിലും രണ്ടു വർഷമെടുത്ത് പൂർത്തിയാക്കി വരണം.
പക്ഷെ, ഒരു വർഷത്തിനു ശേഷം കഠിനവേദനയിൽ പഠനം പാതി വഴിയിൽ നിർത്തി അവന് തിരിച്ചു വരേണ്ടി വന്നു. പിന്നീട് ചികിത്സയുടെ ഒരു വർഷം...
യാദൃശ്ചികതയുടെ കണ്ണുപൊത്തിക്കളി വീണ്ടുമുണ്ടായില്ല..... അനന്തതയോളം തന്റെ നാഥനൊപ്പമായിരിക്കാൻ അവൻ യാത്രയായി ...
പഠനത്തിനായി ഉത്തരേന്ത്യയിൽ പോകുന്നതിനു മുമ്പ് സിറിലിനെ ഒന്നു കാണാൻ പറ്റിയില്ല എന്നതിപ്പോൾ ഉള്ളം നീറ്റുന്നു. അവിടെ ചെന്നയുടനെ അവനെ ഫോണിൽ വിളിച്ചപ്പോൾ അവൻ പറഞ്ഞു: "നീ അവധിക്കു വരുമ്പോൾ നമുക്കു കാണാം." ..... ഇല്ല. ഓർമ്മകൾക്കിനി അവധിയില്ല.
അറം പറ്റിയ തമാശകളും ആത്മനിന്ദയുടെ നെരിപ്പോടെരിച്ചിലും അഗ്നി സ്നാനമായി ഞാൻ സ്വീകരിക്കട്ടെ.
നീ പകർന്ന ഊർജ്ജം ഞങ്ങളുടെ സന്യാസ വഴികളെ പ്രോജ്ജ്വലിപ്പിക്കട്ടെ.
ആരും പതറാവുന്ന പ്രതിസന്ധികൾക്കു മുന്നിലും നീ പ്രദർശിപ്പിച്ച ശാന്തത ഞങ്ങളുടെ പ്രക്ഷുബ്ധ മനസുകളിൽ ഇങ്ങനെ പ്രതിധ്വനിക്കട്ടെ: "കർത്താവാണ് എന്റെ ഇടയൻ... അങ്ങെന്റെ കൂടെയുള്ളതിനാൽ മരണത്തിന്റെ നിഴൽ വീണ് താഴ് വരയിൽക്കൂടി നടക്കാനും ഞാൻ ഭയപ്പെടുകയില്ല."
Dr. Patrizia Morelli
Dear Provincial Minister Fr. Thomas Karingadayil,
With deep sorrow I learned yesterday from Fr. Jaison James of the sudden death of Fr. Cyril Emmanuel Kuttickal, whom I met when he was a student here at the San Lorenzo da Brindisi International College and studied in the Capuchin Central Library.
I am writing to express my closeness to you, to all the Friars of the Province and to his Family in the grief for his death and in prayers for him.
Dear Father Thomas, I have fond memories of Fr. Cyril, of his profound faith and of his commitment to study. He was such a good Capuchin Friar, a beautiful soul deeply radicated in the Charism of the Order, I am sure that he is already in Heaven and from Heaven he prays for all of us.
With heartfelt condolences,
Dr. Patrizia Morelli
Biblioteca Centrale Cappuccini
Archivio Generale Cappuccini